Tuesday 25 September 2018

 

 കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിന്റെ ചരിത്രം തേടി ശ്രീരാമജയം..
ശ്രീകൃഷ്ണപുരം. പ്രസിദ്ധമായ കരിമ്പുഴ നെയ്ത്ത് കാണുന്നതിനും അടുത്ത് നിന്ന് അനുഭവിക്കുന്നതിനു മായി ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിലേക്ക് പഠനയാത്ര നടത്തി..
എഴുപതു പിന്നിട്ട സുന്ദരൻ ചെട്ടിയാർ തന്റെ തറിയിൽ ആപ്പിൾ ഗ്രീൻ കളറിലും മനോഹര ഡിസൈനിലുള്ള പ്പുസാരി നെയ്തെടുക്കുന്നതും,അറുപതു പിന്നിട്ട ദമ്പതികളായ രംഗപ്പൻ ചെട്ടിയാരും പരിമളവും അലങ്കാരപ്പണികളേറെയുള്ള സെററുസാരി നെയ്യുന്നതും ,അശോകനും ,തങ്കപ്പനും നെയ്ത്തിൽ കവിത വിരിയിക്കുന്നതും ,
അവരുടെയെല്ലാം നെയ്ത്തിന്റെ മഹത്വവും ഒക്കെ കൗതുകത്തോടെ കുട്ടികൾ കണ്ടു നിന്നു.
തുടർന്ന് നെയ്ത്ത് ചെയ്യുന്ന മററു വീടുകളിലും കുട്ടികൾ എത്തി . നൂലിൽ നിന്നും ധരിക്കുന്ന വസ്ത്രങ്ങളിലേക്കുള്ള ചലനങ്ങൾ,നെയ്ത്തുകാരന്റെ സൂക്ഷ്മത,കലാ നൈപുണ്യം,ആത്മ സമർപ്പണം,കഠിനാദ്ധ്വാനം എന്നിവയെല്ലാം കണ്ടും ചോദിച്ചും മനസ്സിലാക്കി...വീട്ടമ്മയായ മാണിക്യം മധുരം നൽകിയാണ് യാത്രയാക്കിയത്.
കുരുന്നുകൾക്ക് ഇത് വേറിട്ട ഒരു പഠനാനുഭവമായിരുന്നു..
ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂളിലെ പഴയ.നെയ്ത്ത് അദ്ധ്യാപകൻ കൂടിയായ കെ എൻ സുബ്രഹ്മണ്യൻ മാസ്ററർ,മുൻ കരിമ്പുഴ ഗ്രാമപഞ്ചായത്തംഗം ബാലകൃഷ്ണൻ എന്നിവർ ഇവരുടെ മുൻഗാമികൾ വന്നത് കർണ്ണാടകയിലെ ഹമ്പിയിൽ നിന്നാണ് എന്നും,ദേവാംഗ ദേവ ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ഇവരുടെ പൂർവ്വീകരെ പണ്ട് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുള്ള പ്രസിദ്ധമായ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട രാജ കുടുംബങ്ങൾക്കും അമ്പലവാസികൾക്കും ആവശ്യമായ പുളിയിലക്കര മുണ്ടും മററും നെയ്യുന്നതിന്നായി രാജാവിന്റെ നിർദ്ദേശപ്രകാരം കരിമ്പുഴയലേക്ക് വരുത്തിയതാണെന്നും മററുമുള്ള ചരിത്രം വിശദീകരിച്ചപ്പോൾ അവയെല്ലാം എഴുതിവക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവിലേക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തുകയായിരുന്നു.അങ്ങിനെയാണ് കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിന്റെ ചരിത്രം എഴുതാനും അതുവഴി പുതിയ തലമുറക്ക് പകർന്നുനൽകാനും ഉള്ള പദ്ധതി ശ്രീരാമജയം ഏററെടുത്തത്. ജനുവരിയോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിദ്യാലയ വികസനസമിതിഈ ചെയർമാൻ.എം.കെ ദ്വാരകാനാഥൻ,  ഷനൂബ്.സവിത,രജിത,കെ സുദർശൻ എന്നിവരും പങ്കെടുത്തു..


Friday 14 September 2018


നവകേരള സൃഷ്ടിയുടെ പ്രതീകമായി ഞാറുകൊണ്ട് ഹരിത കേരളം തീർത്ത് ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ..

വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സ്വന്തമായി രാസവള രഹിതമായി കൃഷിചെയ്യുന്ന അമ്പാഴപ്പുള്ളി പാടത്താണ് വിദ്യാർത്ഥികൾ ഞാററടിയിൽ നിന്ന് പറിച്ചെടുത്ത ഞാറുകൊണ്ട്, പ്രളയാനന്തരം തകർന്ന നാടിനെ ഒന്നായി നിന്ന് തിരിച്ചുപിടിച്ച് അതിജീവനത്തിലൂടെയുള്ള നവകേരള നിർമ്മാണത്തിന്റെ പ്രതീകാത്മക സൃഷ്ടി നിർമ്മിച്ചത്.

അദ്ധ്വാന ശീലത്തോടൊപ്പം മണ്ണിനെ സ്നേഹിച്ചു കൊണ്ട് , പരിസ്ഥിതി സൗഹൃദത്തിന്റെയും, വിഷരഹിത ഭക്ഷണത്തിന്റെയും പുതിയ കേരളത്തിന്നായുള്ള പ്രതീക്ഷകളെ അവതരിപ്പിച്ചുകൊണ്ടുള്ള ശ്രീരാമജയത്തിലെ കുരുന്നുകളുടെ സർഗ്ഗ സൃഷ്ടി മാതൃകാപരമായി..

ശ്രീകൃഷ്ണപുര
ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വിബിൻനാഥിന്റെ നേതൃത്വത്തിലാണ് ഹരിത കേരളം തീർത്തത്..

ഞാററു പാട്ടുകളും,നാടൻ പാട്ടുകളുമായി കുട്ടികളോടൊപ്പം കർഷകരും,തൊഴിലാളികളും നാട്ടുകാരും ഒത്തു ചേർന്നപ്പോൾ പാടശേഖരം.അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിലായി..ഹരിതകേരളത്തീന്നും നവകേരള നിർമ്മിതിക്കുമായ് പ്രതിജ്ഞയെടുത്തു കൊണ്ടാണ് ഈ കുരുന്നുകൾ നടീൽ ഉത്സവം അവിസ്മരണീയമാക്കിയത്..

വിദ്യാലയ വികസനസമിതി ചെയർമാൻ എം.കെ ദ്വാരകാനാഥൻ,ഹെഡ്മാസ്ററർ പി.ജി.ദേവരാജ്,മണ്ണഴി ഗോപാലകൃഷ്ണൻി,ഷനൂബ്,ഗോപാലകൃഷ്ണൻ,രജിത,സവിത,മിനികെ . സുദർശൻ മുക്കിരിക്കാട് ഗോപാലൻ എന്നിവരും വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു..

Sunday 2 September 2018

ഉദയസൂര്യൻ അസൂയപ്പെട്ടുവോ...?
.
ഞങ്ങളുടെ.... ശ്രീരാമജയത്തിന്റെ ഈ മുത്തിന്റെ മുഖത്തെ സന്തോഷം കണ്ട്.........

"ഇത് തേജശ്രീ.."
കോട്ടപ്പുറം തോട്ടര
മഠത്തിൽ വളപ്പിൽ നാരായണൻകുട്ടിയുടേയും ശ്രുതിയുടേയും പൊന്നു മകൾ....
പ്രായം.. ..അഞ്ചു വയസ്സ്
ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി. സ്കൂളിലെ ഒന്നാം ക്ളാസ്സ് വിദ്യാർത്ഥി..

തേജശ്രീക്ക് ഓർമ്മ വച്ച കാലം മുതൽ കൈനീട്ടമായും സമ്മാനമായും ഒക്കെ കിട്ടുന്ന നാണയത്തുട്ടുകളും നോട്ടുകളും എല്ലാം ഒരു ഹുണ്ടികയിലിട്ടു വക്കും..ഒന്നു നിറഞ്ഞപ്പോൾ രണ്ടാമത്ത.ഹുണ്ടികയിലായി നിക്ഷേപം..
ഇന്ന് ബുധനാഴ്ച..ഓണാവധിക്കും പ്രളയ ദുരന്തത്തിനും ശേഷം സ്കൂൾ തുറന്ന ദിവസം ..സ്കൂളിലെത്തിയ അവൾ നേരെ ബാഗ് ക്ളാസ്സിൽ വച്ചു. പിന്നെ ബാഗ് തുറന്നു...
രണ്ട് ഹുണ്ടികകളുമായി ഓഫീസിലെത്തി..

മാഷേ .....
ചിരിച്ചു കൊണ്ട് അവൾ കൈയിലുള്ള
രണ്ടു ഹുണ്ടികകളും ഹെഡ് മാഷിനു നേരെ നീട്ടി..

എന്താ ഇത്...?
മാഷ് ചോദിച്ചു..
"വെള്ളം.കേറി വീടും തുണീം ഒക്കെ പോയ പാവങ്ങൾക്ക് കൊടുക്കാനാ..."
(ദുരിതാശ്വാസനിധീലിക്ക് ള്ളതാന്ന് ആ പാവത്തിന് പറയാൻ കിട്ട്ണൂല്യാ... )
ഇക്ക് ഇതുവരെ കൈനീട്ടോം..സമ്മാനോം.. ഒക്കേയി കിട്ടീതാ.... മുഴ്വോനീം.. ണ്ട്.
പൊട്ടിച്ചോക്യാലേ എത്ര.. ണ്ട്.. ന്ന്
അറിയൂ...

ഞങ്ങൾ ഒരു നിമിഷം ശരിക്കും തരിച്ചുപോയി..
ഞങ്ങളെ അത്ഭുതപ്പെടുത്തിയത് മററൊന്നുമായിരുന്നില്ല...
ഇതുവരേയുള്ള നിക്ഷേപം മുഴുമനായി തരുമ്പോഴത്തെ ആ
കുഞ്ഞു മുഖത്തെ സന്തോഷമായിരുന്നു..

അഞ്ചു വയസ്സു പ്രായവും അഞ്ച് ആനയുടെ വലിപ്പമുള്ള നന്മനിറഞ്ഞ മനസ്സുമുള്ള ഈ മിടുക്കിക്കു മുന്നിൽ ഞങ്ങൾ
കുട്ടികളായ പോലെ...

തേജശ്രീയുടെ പക്കൽ നിന്ന് നമുക്കും പഠിക്കാനില്ലേ
നന്മയുടെ പാഠങ്ങൾ...... ...?


ഞങ്ങൾ അസംബ്ളി കൂടി..

അവിടെ വച്ച് ആ കുഞ്ഞു മനസ്സിന്റെ അളക്കാനാകാത്ത തിളക്കത്തെ കുട്ടികൾക്കു മുന്നിൽ
അവതരിപ്പിച്ചു..

ഹെഡ് മാസ്ററർ, ..ഒരു കുഞ്ഞു മനസ്സിന്റെ... പത്തര മാററ് തങ്കത്തിളക്കമുള്ള ...
ആ സ്നേഹദീപം ഏററുവാങ്ങി..

5026 .... രൂപ..
നീണ്ട കരഘോഷം..നിർത്താതെ....
ഈ മനോഭാവം നമ്മുടെ കുട്ടികളിലുണ്ടാക്കാൻ കഴിഞ്ഞാൽ
അതിലപ്പുറം പിന്നെന്താ മാഷേ സന്തോഷം... ... .... ....

മ്മടെ ... കുട്ട്യോള് മുത്തുമണികളന്യാ...
ഞാൻ കുട്ടൻ മാഷോട് പറഞ്ഞു..
അപ്പോഴും തേജശ്രീയുടെ മുഖം
സന്തോഷം.കൊണ്ട് തുടുത്തിരുന്നു..

ഉദയസൂര്യൻ അസൂയപ്പെട്ടുവോ..?
ഞങ്ങളുടെ ഈ മുത്ത്....
ശ്രീരാമജയത്തിന്റെ ശ്രീ ആയ തേജശ്രീ എന്ന കുഞ്ഞു മാലാഖയുടെ മുഖത്തെ സന്തോഷം കണ്ട്....