Sunday 27 January 2019

" ഹരിതം " ജൈവ അരിയുടെ വിതരണോദ്ഘാടനത്തിൽ നിന്നും.....

പ്രതീക്ഷയുടെ പ്രകാശം.വിതറി
"ഹരിതം" ജൈവ അരിയുമായി
ശ്രീരാമജയത്തിലെ കുരുന്നുകൾ..
ഈശ്വരമംഗലത്തെ
മുന്നാഴി മണ്ണിൽ വിളവിറക്കിയ
കുട്ടിക്കൂട്ടത്തിന്റെ
വിജയാനുഭവം......
അമ്പാഴപ്പുള്ളി പാടത്തെ രണ്ടേക്കറിൽ ഈ കുട്ടികളുടെ
പച്ചപ്പട്ടാളം വിത്തിറക്കി..
പ്രളയാനന്തര കേരളത്തിന്റെ
പുന:സൃഷ്ടിക്കായ്
കൈകോർത്ത്,പാട്ടു പാടി...
ഞാററടിയിൽ നിന്ന് പറിച്ചെടുത്ത
ഞാറു കൊണ്ട് ഹരിതകേരളത്തിന്റെ മാതൃക തീർത്തു....
രാസവളത്തോട് വിടപറഞ്ഞ്,
ജൈവരീതിയിൽ അവ
പരിപാലിച്ചു...
ഉത്സവാന്തരീക്ഷത്തിൽ കൊയ്തെടുത്തു....കിട്ടിയ നെല്ല്
അരിയാക്കി... നാട്ടിൽ ആവശ്യക്കാർക്കു നൽകുകയാണ്.
അതിനവരൊരു പേരു നൽകി...
"ഹരിതം"....
സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാലയം ഉൽപ്പാദനത്തിലും, സംസ്കരണത്തിലും, വിപണനത്തിലും ഇടപെട്ടു കൊണ്ട് കാർഷിക മേഖലയിൽ ഇത്തരത്തിലുള്ള ഗ്രാമീണ തനിമയുടെ വിജയാനുഭവം
രചിക്കുന്നത്.
കഴിഞ്ഞ വർഷം ശ്രീരാമജയം
സ്വന്തമായി കൃഷിചെയ്ത നെല്ല്
അരിയാക്കി" പൊൻമണി"
എന്ന പേരിൽ പ്രാദേശിക വിപണിയിലിറക്കിയിരുന്നു.
"ആരോഗ്യമുള്ള ജീവിതത്തിന്
വിഷരഹിത ഭക്ഷണം" എന്ന
സന്ദേശത്തോടൊപ്പം കാർഷിക സംസ്കൃതിയുടെ പാരമ്പര്യവും, മണ്ണിന്റെ മണവും,വൈവിധ്യങ്ങളും
വിയർപ്പിന്റെ മഹത്വവും
തിരിച്ചറിഞ്ഞുകൊണ്ട് ഈ കുരുന്നുകൾ തീർക്കുന്ന മാതൃക
പ്രകൃതിയാണ് മികച്ച പാഠശാലയെന്ന് സ്വന്തം പ്രയത്നത്തിലൂടെ തെളിയിക്കുകയാണ്..
"ആരോഗ്യവും , ആഹാരവും
വിപണിക്കു വിട്ടുകൊടുത്തുകൊണ്ട്
പാടശേഖരങ്ങൾ തരിശിട്ടും
ജലസ്രോതസ്സുകൾ നശിപ്പിച്ചും
അങ്ങാടിയിൽ അന്യ സംസ്ഥാനങ്ങളിൽ
നിന്നെത്തുന്ന വിഷാംശം കലർന്ന ഭക്ഷ്യവസ്തുക്കള കാത്തിരിക്കുന്നെ ആസുരകാലത്തെ അങ്ങാടിമലയാളിയുടെ
മാനസികാവസ്ഥയോട്
സംവദിച്ചുകൊണ്ടും.....
"പാഠങ്ങളിൽ നിന്ന് നാം പാടത്തേക്ക് "കൂടി നയിക്കപ്പെടേണ്ടതാണെന്ന്
പൊതു സമൂഹത്തോട്
ഉറക്കെ പറഞ്ഞും....
"പാടത്തേക്കുള്ള പടിയടക്കരുതെന്ന് "
നമ്മെ ഓർമ്മപ്പടുത്തിയും....
ശ്രീരാമജയത്തിലെ ഈ കുരുന്നുകൾ തയ്യാറാക്കിയ
"ഹരിതം ജൈവ അരി "
കേവലം നെൻമണികൾ
മാത്രമല്ല....
ഒരുമയുടെ താളത്തിൽ....
കെട്ടുകാഴ്ചകളില്ലാതെ
രൂപപ്പെട്ട പ്രായോഗികതയിലൂന്നിയ
ഒരു പ്രാദേശിക
ബദലിന്റെ കാഴ്ചയും
അനുഭവങ്ങളും ഹരിത ജീവിതത്തിന്റെ പ്രതീക്ഷകളും
കൂടിയാണ്.....
തീർച്ചയായും നമ്മുടെ പൊതു
വിദ്യാഭ്യാസമേഖലയുടെ
തിളക്കങ്ങളിൽ ഒന്നായി
മാറുമെന്നുറപ്പാണ്..
ഇന്ന് അതിന്റെ ആദ്യ വിൽപ്പന നടന്നു.. മാഞ്ഞു തുടങ്ങിയ മഞ്ഞു കണങ്ങൾ കണ്ണിമവെട്ടുന്ന പുലരിയിൽ ...ലളിതമെങ്കിലും
അനുഗ്രഹീതവും അഭിമാനകരമായ ഒരു
ചടങ്ങ്...മണ്ണാർക്കാട് ഡി.ഇ.ഒ.
ശ്രീ.ഇബ്രാഹിം സ്കൂൾ മാനേജർ ശ്രീ.സുബ്രഹ്മണ്യൻ മാസ്ററർക്ക്
ഹരിതം ജൈവ അരി നൽകി
ചടങ്ങ് ഗംഭീരമാക്കി.
വിദ്യാലയത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഹരിതാഭ
ചൊരിയുന്ന ഇത്തരം ഇടപെടലുകളിലൂടെ പഠനമേഖലയിൽ
കുട്ടികൾക്കു നൽകുന്ന
അനുഭവങ്ങൾ അവരുടെ വീക്ഷണത്തെയും പ്രവൃത്തികളെയും സ്വാധീനിക്കുമെന്ന് സൂചിപ്പിച്ചു.
തികച്ചും ഗ്രാമീണ മേഖലയിൽ സാധാരണ കൂടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ
പഠിക്കുന്ന ....
പഠന സൗകര്യങ്ങളും പഠനാനുഭവങ്ങളും ഏറെ നൽകുന്ന....ഇത്തരം വിദ്യാലയങ്ങൾ സമൂഹത്തിന്
മാതൃകകളാണെന്നും
ജില്ലാ വിദ്യാഭ്യാസ ഓഫീസർ
പറഞ്ഞു.
മറക്കാൻ പാടില്ലാത്ത ഒരു പേരുണ്ട്. പൂർവ്വ വിദ്യാർത്ഥിയും
കൃഷി പരിപാലകനുമായ
മുക്കിരിക്കാട് ഗോപാലൻ..
കുട്ടികളുടെ ഗോപാലേട്ടൻ...
ഒപ്പം...കരിമ്പുഴ അരവിന്ദേട്ടൻ...
ആട്ടോല സുരേഷേട്ടൻ...മാധ്യമ സുഹൃത്തുക്കൾ...അങ്ങിനെ
കൂടെനിന്ന...പിൻതുണച്ചപലരേയും ഓർക്കൂന്നു. അടുത്ത രണ്ടു ദിവസം കുട്ടികൾക്ക് ഈ അരിയും സ്കൂളിലെ പച്ചക്കറികൾകൊണ്ടും
ഉള്ള ഭക്ഷണമാണ്..
ദേവരാജൻ മാഷും,ഷനൂബു മാഷും,
പി.ടി.എ.പ്രസിഡന്റ് ഷിബു ആററാശ്ശേരിയും ,സ്കൂൾ ലീഡർ വൈഷ്ണവും,.ഗീത ടീച്ചറും
മററ് അദ്ധ്യാപകരും
ജീവനക്കാരും ചേർന്ന്
ചടങ്ങ് ഗംഭീരമാക്കി..
"അന്നം വിളയുന്ന മണ്ണ്
അന്യം നിന്നു പോകരുത്"
എന്നതിനോടൊപ്പം,
ഏററവും വലിയ ജലസംഭരണികൾ
പാടശേഖരങ്ങളാണെന്ന
വലിയ സന്ദേശവും
സമൂഹത്തിൽ
പ്രചരിപ്പിച്ചു കൊണ്ട്.....
കരിമ്പുഴയോരത്തെ മുന്നാഴിക്കുന്നെന്ന ഈ ഗ്രാമത്തിലെ പാഠശാലയിൽ
നിന്ന് ഉയർന്ന ഈ
ഹരിത താളത്തിന്റെ
ആവേശം
കുട്ടികൾ മറക്കുമോ...?
ഇല്ലെന്ന് ചിന്തിക്കാനാണെനിക്കിഷ്ടം..
തുകൽ വാദ്യങ്ങളുടെ ശബ്ദശുദ്ധിയിലെ നിർമ്മാണ വൈദഗ്ധ്യം തേടി വിദ്യാർത്ഥികൾ.. 

പൂരപ്പറമ്പുകളിലും, പ്രകാശപൂരിതമായ തിളങ്ങുന്ന അരങ്ങുകളിലും താളപ്പെരുക്കം കൊണ്ട് ആസ്വാദകരെ ഹരംകൊള്ളിക്കുന്ന ചെണ്ടയും,മദ്ദളവും ഉൾപ്പെട്ട മേഖലയിലെ മേളപ്രമാണിമാരെ എല്ലാവരും അറിയും..പ്രശസ്തിയും,പൊന്നാടയും,വീരശൃംഘലയും അവരെ തേടിയെത്തും. എന്നാൽ, ഈ വാദ്യങ്ങൾക്ക് ശബ്ദശുദ്ധി നൽകുന്ന
തൊഴിലാളിയെ ആരും അറിയില്ല... അണിയറയിൽ മാത്രം ഒതുങ്ങൂന്ന ഈ കലാകാരന്മാരുടെ
വാദ്യോപകരണ നിർമ്മിതിയിലെ അസൂയാവഹമായ കൈപ്പെരുമാററങ്ങൾ അറിയുന്നതിന്നായി ശ്രീരാമജയത്തിലെ കലാസംഘത്തിന്റെ
പ്രവർത്തകർ തുകൽ വാദ്യ നിർമ്മാണ കലയിൽ പ്രശസ്തനായ കരിമ്പുഴ സുബ്രഹ്മണ്യനെന്ന സുന്ദരന്റെ പണിശാലയിലെത്തി..

ഇരുപതു വയസ്സുമുതൽ, ഈ രംഗത്ത് പ്രഗൽഭനായ പിതാവ് കരിമ്പുഴ അയ്യപ്പന്റെ ശിക്ഷണത്തിൽ വാദ്യ നിർമ്മിതിയിൽ മികവു തെളിയിച്ച സുന്ദരന് ഇത് പാരമ്പര്യത്തിന്റെ വരദാനമയി കിട്ടിയ കഴിവാണ്. അതിൽ സൂക്ഷ്മതയും തന്റേതായ സമീപനങ്ങളും ചേർത്ത് ശുദ്ധിയുള്ള ശബ്ദ വിസ്മയങ്ങളൊരുക്കി വാദ്യ കലാകാരന്മാരുടെ പ്രിയപ്പെട്ടവനാക്കി..
പല്ലാവൂർ ത്രയങ്ങളായറിയപ്പെടുന്ന പല്ലാവൂർ അപ്പു മാരാർ,കുഞ്ചുകുട്ട മാരാർ,മണിയൻ മാരാർ എന്നിവരോടൊപ്പം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പോരൂർ ഉണ്ണികൃഷ്ണനും,ശുകപുരം രാധാകൃഷ്ണനും ഉൾപ്പെടെ യുള്ള മേള തമ്പുരാക്കന്മാർ ത്രസിപ്പിക്കുന്ന താളം പെരുപ്പിക്കുന്നത് ആലിക്കൽ സുന്ദരനെന്ന ഈ കലാകാരനൊരുക്കുന്ന
ചെണ്ടവട്ടങ്ങളിൽ നിന്നാണ്.
തുകൽ വാദ്യങ്ങളുടെ നിർമ്മാണ ഘട്ടങ്ങൾ അദ്ദേഹം ഓരോന്നായി കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
പശുവിന്റെയും,കാളയുടേയും തോൽ ചോരക്കറ കളഞ്ഞ്, ശുദ്ധി വരുത്തി പാകതയോടെ ഉണക്കിയെടുക്കും. പിന്നെ ചീവി റെഡിയാക്കി സൂക്ഷമതയോടെ മയപ്പെടുത്തണം.
അളവിൽ മുറിച്ചെടുത്ത് പുഴുങ്ങിയെടുത്ത ഈർമ്പനയും മുളയും ഉപയോഗിച്ചുണ്ടാക്കുന്ന വളയങ്ങൾ തയ്യാറാക്കണം. വരിക്ക പ്ളാവിന്റെ കാതൽ കടഞ്ഞെടുത്ത കുററിയിലാണ് ചെണ്ട വട്ടം ഉറപ്പിക്കുന്നത്. പിന്നീട് വക്കക്കയർ കൊണ്ട് നന്നായി വരിഞ്ഞു മുറുക്കണം .ചെറു റിങ്ങുകൾ മുറുക്കത്തിന്നായി കയറിൽ ഘടിപ്പിക്കും..
വട്ടം തെളിയണം..
അല്ലെങ്കിൽ അപശബ്ദങ്ങളുണ്ടാവും. ഉപയോഗിക്കുന്ന ഉളിയും മറ്റ് ആയുധങ്ങളും, അതീവ ശ്രദ്ധയോടെയും, മികവോടെയും ഉപയോഗിച്ചു മാത്രമേ
ഇത്തരം വാദ്യങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന ശബ്ദങ്ങളുടെ വസന്തം വിരിയുകയുള്ളൂ..നല്ല പതിമുഖത്തടിയിൽ നിന്നാണ് ഒഴുക്കുള്ള ചെണ്ടക്കോൽ ഉണ്ടാക്കുന്നത്.
മദ്ദളവും,മൃദംഗവും,ഇടക്കയും ,തിമിലയും, ഉടുക്കും ,തുടിയും, പറയും എല്ലാം ഇതേ രൂപത്തിൽ വ്യത്യസ്ത
ശൈലിയിൽ നിർമ്മിച്ചടുക്കുന്ന വാദ്യങ്ങളാണ്.
കൽക്കട്ട ശാന്തി നികേതൻ, പി. എസ്.വൈ. നാട്യസംഘം, കുടമാളൂർ കലാകേന്ദ്രം, കേരള കലാമണ്ഡലം , ബാംഗ്ളൂർ ജലഹള്ളി ക്ഷേത്രം, ഡെൽഹി,ബോംബേ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ വിവിധ ഇടങ്ങളിലേക്ക് വാദ്യോപകരണങ്ങൾ
സുന്ദരൻ നൽകുന്നുണ്ട്.. തലമുറകൈമാററം നിന്നു പോയതോടൊപ്പം, ഈ തൊഴിലിലേക്ക് പുതിയതായി ആരും വരാത്തതിനാൽ ഇത് അന്യം നിന്നു പോകുകയാണെന്നും സുന്ദരൻ വേദനയോടെ പറയുന്നു..
തിരശ്ശീലക്കു പുറകിലെ തുകൽ വാദ്യങ്ങളുടെ ശബ്ദ സംഗീതത്തിന്റെ
രാഗനിർമ്മിതിയും.
നിർമ്മാതാവും കലാ ലോകത്തേക്ക് കുരുന്നുകൾക്ക് പ്രചോദനവും ഒപ്പം പുതിയ അറിവിന്റെ മേഖലയുമായി മാറി..

Saturday 5 January 2019

 പ്രകൃതി പഠനയാത്ര.......
                                 02/01/2019












പ്രകൃതി പഠനയാത്രയുടെ വീഡിയോ പ്രസെന്റേഷൻ
02/01/2019



https://youtu.be/i46KOvWV4NI
പ്രകൃതി പഠനയാത്രയുടെ വീഡിയോ പ്രസെന്റേഷൻ
02/01/2019


https://youtu.be/i46KOvWV4NI