Sunday 26 January 2020



-അവസരോചിതമായി ഇടപെട്ടു കൊണ്ട് തീപിടുത്തത്തിന്റെ അപകടം ലഘൂകരിച്ച ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് വിദ്യാർത്ഥികളുടെ ആദരവ്... നന്മയുള്ള പ്രവർത്തനങ്ങളെ ആദരിക്കുന്നതിലൂടെ മാതൃക തീർത്തു കൊണ്ട് ഈശ്വരമംഗലം ശ്രീരാമജയം എൽ.പി.സ്കൂളിലെ കുരുന്നുകൾ അദ്ധ്യാപകരോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയ പോലീസുകാരെ ആദരിച്ചത്..
ജനുവരി 19 ന് പുലർച്ചെ 12. മണിക്ക് നൈറ്റ് പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘമാണ് ശ്രീകൃഷ്ണപുരം ഷെഡ്ഡും കുന്നിലെ പാലക്കൽ രാമചന്ദ്രൻ നടത്തിയിരുന്ന ഹോട്ടൽ ചോതി എന്ന ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്നു പുറകിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. വാഹനം നിർത്തിയ പോലീസ് സംഘം ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അവർ വരുന്നതിനു മുന്നേതന്നെ പുറകു വശത്തെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന് ഹോട്ടൽ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പുറത്തെടുക്കുകയായിരുന്നു. കെട്ടിടത്തോടു ചേർന്ന് മരമിൽ പ്രവർത്തിക്കുന്നുണ്ട്.
സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ ഒരു വലിയ ദുരന്തം സംഭവിക്കുമായിരുന്നു.
സ്വന്തം ജീവൻ പണയപ്പെടുത്തി തീ നാളങ്ങൾക്കിടയിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ എടുത്തു മാറ്റാൻ പോലീസുകാർ കാണിച്ച മനോധൈര്യമാണ് വലിയ അപകടത്തിൽ നിന്നും സമീപ വാസികളെ രക്ഷിച്ചത്. 15 മിനിറ്റിനകം ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്..

രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ ശ്രീകൃഷ്ണപുരം അഡീഷണൽ എസ്.ഐ.മുരളീധരൻ
സീനിയർ സിവിൽ പോലീസ് ഓഫീസർ
മുഹമ്മദ് സനീഷ്
ഹോംഗാർഡ് ഹരി
നാരായണൻ എന്നീ
പോലീസുകാരെയാണ്
ശ്രീരാമജയത്തിലെ കുരുന്നുകൾ പൊന്നാട നൽകി ആദരിച്ചത്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സംരക്ഷണത്തിനും ഇടപെടുന്ന പോലീസിന്റെ സാധാരണ ചുമതലകൾക്കപ്പുറം കടന്ന് ജനസൗഹൃദമായി ഒരു നിമിഷം വൈകാതെ സന്ദർഭോജിതമായി ഇടപെട്ട പോലീസിന്റെ രക്ഷാപ്രവർത്തനത്തെ
അംഗീകരിക്കാനും ആദരിക്കാനും ശ്രീരാമജയത്തിലെ കുരുന്നുകൾ കാണിച്ച മാതൃകയിൽ പ്രതിഫലിച്ചത് ഒരു നാടിന്റെ നന്മയായിരുന്നു..

റിവോൾവറും നീളൻ തോക്കും ബയണററും
തിരകളും ലോക്കപ്പ് റൂമും ലാത്തിയും വയർലസ്സ് സംവിധാനവുമെല്ലാം പരിചയപ്പെടുത്തിയ പോലീസിനൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് കുട്ടികൾ മടങ്ങിയത്..

ശ്രീകൃഷ്ണപുരം എസ്.ഐ. മണികണ്ഠൻ
വിദ്യാലയ വികസന സമിതി ചെയർമാൻ എം.കെ. ദ്വാരകാനാഥൻ
പ്രധാനാദ്ധ്യാപകൻ പി.ജി.ദേവരാജ്
സി. ഗോപാലകൃഷ്ണൻ
കെ.ഷനൂബ് എന്നിവർ പങ്കെടുത്തു.

Thursday 23 January 2020

ഗ്രാമശ്രീ ജൈവ അരിയുടെ വിതരണോദ്ഘാടനം



" ഗ്രാമശ്രീ"
ജൈവ അരി..

"ആരോഗ്യ സംരക്ഷണത്തിന്
വിഷരഹിത ഭക്ഷണ"മെന്ന ലക്ഷ്യത്തിനായ്
ശ്രീരാമജയത്തിലെ
കുരുന്നുകളുടെ ചെറിയ ഇടപെടലുകളുടെ
തിളക്കമേറിയ വിജയം..

ഇന്നത്തെ മുന്നാഴിക്കുന്നിലെ പ്രഭാതത്തിനൊരു
വല്ലാത്ത പ്രത്യേകത യുണ്ടായിരുന്നു...

വിദ്യാലയത്തിനടുത്താണ് അമ്പാഴപ്പുള്ളി പാടം.. അവിടത്തെ രണ്ടേക്കറിൽ അവർ വിത്തെറിഞ്ഞു.. ഞാറ്റടി തീർത്തു....
ഉത്സവമേള
ത്തോടെയുള്ള
നടീലും , കൊയ്ത്തും...
ഒപ്പം മുൻഗാമികളും
നാട്ടുകാരും....

2000 kg നെല്ലു കിട്ടി..
"ഉമ "യായിരുന്നു വിത്ത്.. രാസവളം ഒഴിവാക്കി കൃഷിയിറക്കിക്കിട്ടിയ ആ നെല്ലത്രയും അവർ ഒറ്റപ്പുഴുക്ക് അരിയാക്കി..
30 ശതമാനം തവിട് നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചു...

ഈ അരി നാട്ടിൽ തന്നെ ആവശ്യക്കാർക്ക് നൽകാൻ തീരുമാനിച്ചു.. അതിനൊരു പേര് അവർ നൽകി...
"ഗ്രാമശ്രീ ജൈവ അരി"
ഈ അരിമണികൾ വിപണിയിലിറങ്ങുന്നത്
ഇന്നത്തെ പുലരിയിലായിരുന്നു.. വിതരണ ഉൽഘാടനത്തിനെത്തിയത് ഡയറ്റ് പ്രിൻസിപ്പൽ ഡോ:
എ. രാജേന്ദ്രൻ മാഷ്..

ഇത് മൂന്നാം വർഷമാണ് ആദ്യം "പൊൻ മണി' ...
പിന്നെ "ഹരിതം'... ഇപ്പോൾ
"ഗ്രാമശ്രീ' ...
പ്രിന്റു ചെയ്ത തുണി സഞ്ചിയിൽ പത്തു കിലോക്ക് 500 രൂപ..
നേരിയതെങ്കിലും
കിട്ടുന്ന മിച്ചം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും..
രണ്ടു ദിവസം കുട്ടികൾക്ക് ഈ അരി കൊണ്ട് ആഹാരം നൽകും...

പൂർവ്വ വിദ്യാർത്ഥി കൂടിയായ മുക്കിരിക്കാട് ഗോപാലന്റെ നേതൃത്വ
ത്തിലായിരുന്നു ഈ പച്ചപ്പട്ടാളത്തിന്റെ
പ്രയോഗങ്ങളത്രയും ...

ശ്രീരാമജയത്തിലെ കുരുന്നുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച
നന്മയുള്ള സന്ദേശങ്ങൾ നമുക്ക് വേണ്ടി മാത്രമല്ല ...
പുറകിൽ വരാനുള്ള വർക്കു കൂടിയുള്ള താണ്....

ആരോഗ്യം,വിഷരഹിത
ഭക്ഷണം, ഹരിത ജീവിതം , കൃഷി, അദ്ധ്വാനം, വിയർപ്പ്,
നാട്ടു മണ്ണിന്റെ ജീവഗന്ധം, ജല സംരക്ഷണം, അന്നത്തിന്റെ മഹത്വം,
അങ്ങിനെ....
നാളേക്കു വേണ്ടി
ഇന്നിനെ
സംരക്ഷിക്കാനും,
ഇന്നലെകളെ ഓർക്കാനും വഴിയൊരുക്കുന്ന
പഠനമുറിക്ക് പുറത്തുള്ള
ജീവിത പാഠങ്ങൾ ...

"ഗ്രാമശ്രീ"
ഒരു
പ്രതീകമാണ്
പ്രതീക്ഷയാണ്
പ്രതിരോധമാണ്

മണ്ണിനെയും ജീവനെയും ജീവിതത്തെയും
നിലനിർത്താൻ
ഈ കുരുന്നുകൾ
നടന്ന പാടങ്ങളിൽ പുതിയ
പാഠങ്ങൾ പിറവി കൊള്ളട്ടെ...
  


Monday 6 January 2020

"അമ്പാഴപ്പുള്ളി പാടത്ത് കുട്ടിക്കർഷകരുടെ കൊയ്ത്തുത്സവം..".

ആരോഗ്യ ജീവിതത്തിന് വിഷരഹിത ഭക്ഷണം എന്ന സന്ദേശവുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച കൊയ്ത്തുത്സവം ശ്രദ്ധേയമായി.
വട്ടികളും മുറവും കൊണ്ട് അവിചാരിതമായി കൊയ്ത്തുപാടത്ത് വിൽപ്പനക്കെത്തിയ അതിഥി പരമ്പരാഗത കൃഷി ജീവിതത്തിന്റെ
സ്മരണകൾ കുട്ടികൾക്ക് പകർന്നു നൽകിയപ്പോൾ പാടവരമ്പിൽ നിറഞ്ഞത് നാട്ടു നന്മയുടെ പൊൻ വെളിച്ചം......

ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി സ്ക്കൂളിലെ കുട്ടിക്കർഷകർ സ്വന്തമായി കൃഷിയിറക്കിയിരുന്ന
സ്ക്കൂൾ പരിസരത്തെ അമ്പാഴപ്പുള്ളി പാടശേഖരത്തിൽ ഉത്സാന്തരീക്ഷത്തിൽ നടത്തിയ കൊയ്ത്തുത്സവം ക്ലാസ് മുറികൾക്ക് പുറത്തുള്ള പാഠശാലകളിലെ അറിവുകളും അനുഭവങ്ങളും തിരിച്ചറിയാൻ കുട്ടികൾക്ക് വഴിയൊരുക്കി.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ മാസ്റ്റർ കൊയ്ത്തുത്സവം ഉൽഘാടനം ചെയ്തു.

പൊൻകതിരുകൾ കൊയ്തെടുക്കാൻ ഒരുങ്ങുന്നതിനിടയിലേക്ക് അവിചാരിതമായി ഒരതിഥി എത്തി ...
മുള കൊണ്ട് ഉണ്ടാക്കിയ മുറവും വട്ടിയും വിൽക്കാനെത്തിയ ഒരു ഗ്രാമീണൻ....
പഴയ കാല കാർഷിക സംസ്കൃതിയുടെ സ്മരണകളുയർത്തിയെത്തിയ ഈ അതിഥി കുട്ടികൾക്ക് പകർന്നു നൽകിയത് , പുതിയ കാഴ്ചകളോടൊപ്പം , കൃഷിയുടെ
പഴയ ചരിത്രം കൂടിയായിരുന്നു....

വിദ്യാലയ പരിസരത്തെ അമ്പാഴപ്പുള്ളി പാടശേരത്തിലെ രണ്ടേക്കറിൽ കുട്ടികളുടെ നേതൃത്വത്തിൽ രാസവളപ്രയോഗം തീർത്തും ഒഴിവാക്കിയാണ് കൃഷി ചെയ്തത്. .. ഒരേക്കറിൽ ഉമയും ഒരേക്കറിൽ സുപ്രിയ വിത്തുമാണ് കൃഷി ചെയ്തത്...
കൊയ്തെടുക്കുന്ന നെല്ല് സ്വന്തം ബ്രാൻഡിൽ അരിയാക്കി വിദ്യാലയം വിപണിയിലിറക്കും ...
കഴിഞ്ഞ 5 വർഷമായി നമ്മുടെ വിദ്യാലയം സ്വന്തമായി നെൽകൃഷി ചെയ്യുന്നുണ്ട്... കർഷകരും തൊഴിലാളികളും നാട്ടുകാരും ചേർന്ന കൊയ്ത്തുത്സവം , പാട വരമ്പിൽ ഗാമവിശുദ്ധിയുടെ നറുമണം നിറച്ചു...

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജൻ കല്ലമ്പറമ്പിൽ,
സി. മാധവിക്കുട്ടി ടീച്ചർ, പ്രധാനാദ്ധ്യാപകൻ പി.ജി.ദേവരാജൻ,
വിദ്യാലയ വികസന സമിതി ചെയർമാൻ എം.കെ. ദ്വാരകാനാഥൻ,
ഷനൂബ് മാസ്റ്റർ,
രജിത , സവിത,
സി. ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ
പങ്കെടുത്തു.



"പൊൻപ്രഭ തൂകിയ പുഞ്ചപ്പാടം.."
."കതിരണിഞ്ഞ തരിശുപാടത്ത്
വിളവെടുപ്പിനെത്തിയ
കുട്ടിക്കൂട്ടം .."

പുഞ്ചപ്പാടം ഇടപ്പള്ളി പാടശേഖരത്തിൽ വർഷങ്ങളായി നെൽക്കൃഷിയിറക്കാത്ത പത്തേക്കർ നിലം...
ആ കൃഷിഭൂമി പാട്ടത്തിനെടുത്ത്,
അവിടെ മുക്കിരിക്കാട് ഗോപാലൻ എന്ന കർഷകൻ ധൈര്യപൂർവ്വം നെൽകൃഷിയിറക്കാൻ തയ്യാറായി ..

അതും രാസവള പ്രയോഗം തീർത്തും
ഒഴിവാക്കിത്തന്നെ ..

ഗ്രാമ പഞ്ചായത്തും കൃഷിഭവനും നൽകിയത് നിറഞ്ഞ പിൻതുണ .. ശ്രീരാമജയം സ്ക്കൂൾ വിദ്യാർത്ഥികൾ കൂടെ നിന്നു.. പ്രോത്സാഹിപ്പിച്ചു.
കണ്ടം ഉഴുതുമറിച്ചു....
ഞാറു പാവി..
പറിച്ചുനട്ടു ..
കളപറിച്ചു ..
മനം നൽകി പരിപാലിച്ചു...

അങ്ങിനെ പുഞ്ചപ്പാടം
പൊൻകതിരണിഞ്ഞു .
വിളഞ്ഞത് പ്രതീക്ഷയുടെ നൂറുമേനി...

അവിടെ ഇന്ന് ഉത്സവാന്തരീക്ഷത്തിൽ
കൊയ്ത്തുത്സവമായിരുന്നു . കഴിഞ്ഞ ആഗസ്റ്റ് 30ന് ഞാറുനടാനെത്തിയ കുരുന്നുകൾ , ഒരിക്കൽ കൂടി ആവേശത്തോടെ കൊയ്ത്തുപാടത്തെത്തി.. കൂടെക്കൂടി...

പഞ്ചാ.പ്രസിഡൻറ് ഷാജു ശങ്കർ , കൃഷി ഓഫീസർ ശ്രീകുമാർ,
ജനപ്രതിനിധികളായ
വി.സി.ഉണ്ണികൃഷ്ണൻ,
രാജൻ കല്ലമ്പറമ്പിൽ,
ജയശ്രീ ,ദേവരാജൻ മാസ്റ്റർ ,വിദ്യാലയ വികസന സമിതി ചെയർമാൻ എം.കെ. ദ്വാരകാനാഥൻ ,
ഷനൂബ് മാസ്റ്റർ
മിനി ടീച്ചർ , ചിന്നക്കുട്ടൻ.....
എന്നിവരോടൊപ്പം ശ്രീരാമജയത്തിലെ
കുരുന്നുകളും ആവേശത്തോടെ പങ്കെടുത്തു. കൊയ്ത്തരിവാൾ കൈയിലെടുത്തു. കതിരരിഞ്ഞു...
ചുരുട്ടുകെട്ടി..

ഡിസംബറിലെ നേർത്ത തണുപ്പുള്ള പുലരിയിൽ ,
മണ്ണിനെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ
കുട്ടികളോടൊത്ത് അണിനിരന്ന
നന്മയുടെ പ്രകാശം പരത്തിയ
മനോഹര നിമിഷം...

ഇതും ഒരു പ്രതിരോധമാണ് ...
ഒരു ബദലാണ്....
അനുഭവമാണ്..
തരിശുരഹിത ഗ്രാമത്തിന്നായുള്ള
ഇടപെടലാണ്
കൂട്ടായ്മയുടെ വിജയമാണ്....
ചെറിയതെങ്കിലും
ഒരു നാട്ടു മാതൃകയാണ്...

ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്
ഭക്ഷ്യ സുരക്ഷക്കായുള്ള ഇടപെടലുകളുടെ
ചെറിയ വിജയങ്ങൾ പോലും നൽകുന്നത് വലിയ പ്രതിക്ഷയാണ് ..





കലാമണ്ഡലം അവാർഡ് നേടിയ മദ്ദള കലാകാരൻ തൃപ്പലമുണ്ട നടരാജ വാരിയരെ ശ്രീരാമജയം എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീകൃഷ്ണപുരം ഷെഡ്ഡിൻ കുന്നിലുള്ള വീട്ടിലെത്തിയാണ് ആദരവ് നൽകിയത്.
അദ്ദേഹം കൂട്ടികൾക്ക്
മദ്ദളവാദ്യത്തിന്റെ നിർമ്മാണ രീതി
മേള പ്രയോഗം
താള വിന്യാസം
എന്നിവയോടൊപ്പം
പഞ്ചവാദ്യ ഘടന
കഥകളിയിലെ കേളി
തുടങ്ങിയ വിവിധ
തലങ്ങൾ ഭാവനാപൂർവ്വം പകർന്നു നൽകി
പ്രധാനാദ്ധ്യാപകൻ
പി.ജി.ദേവരാജ്
വിദ്യാലയ വികസന സമിതി ചെയർമാൻ
എം.കെ. ദ്വാരകാ നാഥൻ , ഷനൂബ് മാസ്റ്റർ
മുരളീധരൻ
ഗോവിന്ദൻ കുട്ടി
എം.നാരായണൻകുട്ടി
എന്നിവർ പങ്കെടുത്തു