Sunday 27 January 2019

തുകൽ വാദ്യങ്ങളുടെ ശബ്ദശുദ്ധിയിലെ നിർമ്മാണ വൈദഗ്ധ്യം തേടി വിദ്യാർത്ഥികൾ.. 

പൂരപ്പറമ്പുകളിലും, പ്രകാശപൂരിതമായ തിളങ്ങുന്ന അരങ്ങുകളിലും താളപ്പെരുക്കം കൊണ്ട് ആസ്വാദകരെ ഹരംകൊള്ളിക്കുന്ന ചെണ്ടയും,മദ്ദളവും ഉൾപ്പെട്ട മേഖലയിലെ മേളപ്രമാണിമാരെ എല്ലാവരും അറിയും..പ്രശസ്തിയും,പൊന്നാടയും,വീരശൃംഘലയും അവരെ തേടിയെത്തും. എന്നാൽ, ഈ വാദ്യങ്ങൾക്ക് ശബ്ദശുദ്ധി നൽകുന്ന
തൊഴിലാളിയെ ആരും അറിയില്ല... അണിയറയിൽ മാത്രം ഒതുങ്ങൂന്ന ഈ കലാകാരന്മാരുടെ
വാദ്യോപകരണ നിർമ്മിതിയിലെ അസൂയാവഹമായ കൈപ്പെരുമാററങ്ങൾ അറിയുന്നതിന്നായി ശ്രീരാമജയത്തിലെ കലാസംഘത്തിന്റെ
പ്രവർത്തകർ തുകൽ വാദ്യ നിർമ്മാണ കലയിൽ പ്രശസ്തനായ കരിമ്പുഴ സുബ്രഹ്മണ്യനെന്ന സുന്ദരന്റെ പണിശാലയിലെത്തി..

ഇരുപതു വയസ്സുമുതൽ, ഈ രംഗത്ത് പ്രഗൽഭനായ പിതാവ് കരിമ്പുഴ അയ്യപ്പന്റെ ശിക്ഷണത്തിൽ വാദ്യ നിർമ്മിതിയിൽ മികവു തെളിയിച്ച സുന്ദരന് ഇത് പാരമ്പര്യത്തിന്റെ വരദാനമയി കിട്ടിയ കഴിവാണ്. അതിൽ സൂക്ഷ്മതയും തന്റേതായ സമീപനങ്ങളും ചേർത്ത് ശുദ്ധിയുള്ള ശബ്ദ വിസ്മയങ്ങളൊരുക്കി വാദ്യ കലാകാരന്മാരുടെ പ്രിയപ്പെട്ടവനാക്കി..
പല്ലാവൂർ ത്രയങ്ങളായറിയപ്പെടുന്ന പല്ലാവൂർ അപ്പു മാരാർ,കുഞ്ചുകുട്ട മാരാർ,മണിയൻ മാരാർ എന്നിവരോടൊപ്പം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പോരൂർ ഉണ്ണികൃഷ്ണനും,ശുകപുരം രാധാകൃഷ്ണനും ഉൾപ്പെടെ യുള്ള മേള തമ്പുരാക്കന്മാർ ത്രസിപ്പിക്കുന്ന താളം പെരുപ്പിക്കുന്നത് ആലിക്കൽ സുന്ദരനെന്ന ഈ കലാകാരനൊരുക്കുന്ന
ചെണ്ടവട്ടങ്ങളിൽ നിന്നാണ്.
തുകൽ വാദ്യങ്ങളുടെ നിർമ്മാണ ഘട്ടങ്ങൾ അദ്ദേഹം ഓരോന്നായി കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
പശുവിന്റെയും,കാളയുടേയും തോൽ ചോരക്കറ കളഞ്ഞ്, ശുദ്ധി വരുത്തി പാകതയോടെ ഉണക്കിയെടുക്കും. പിന്നെ ചീവി റെഡിയാക്കി സൂക്ഷമതയോടെ മയപ്പെടുത്തണം.
അളവിൽ മുറിച്ചെടുത്ത് പുഴുങ്ങിയെടുത്ത ഈർമ്പനയും മുളയും ഉപയോഗിച്ചുണ്ടാക്കുന്ന വളയങ്ങൾ തയ്യാറാക്കണം. വരിക്ക പ്ളാവിന്റെ കാതൽ കടഞ്ഞെടുത്ത കുററിയിലാണ് ചെണ്ട വട്ടം ഉറപ്പിക്കുന്നത്. പിന്നീട് വക്കക്കയർ കൊണ്ട് നന്നായി വരിഞ്ഞു മുറുക്കണം .ചെറു റിങ്ങുകൾ മുറുക്കത്തിന്നായി കയറിൽ ഘടിപ്പിക്കും..
വട്ടം തെളിയണം..
അല്ലെങ്കിൽ അപശബ്ദങ്ങളുണ്ടാവും. ഉപയോഗിക്കുന്ന ഉളിയും മറ്റ് ആയുധങ്ങളും, അതീവ ശ്രദ്ധയോടെയും, മികവോടെയും ഉപയോഗിച്ചു മാത്രമേ
ഇത്തരം വാദ്യങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന ശബ്ദങ്ങളുടെ വസന്തം വിരിയുകയുള്ളൂ..നല്ല പതിമുഖത്തടിയിൽ നിന്നാണ് ഒഴുക്കുള്ള ചെണ്ടക്കോൽ ഉണ്ടാക്കുന്നത്.
മദ്ദളവും,മൃദംഗവും,ഇടക്കയും ,തിമിലയും, ഉടുക്കും ,തുടിയും, പറയും എല്ലാം ഇതേ രൂപത്തിൽ വ്യത്യസ്ത
ശൈലിയിൽ നിർമ്മിച്ചടുക്കുന്ന വാദ്യങ്ങളാണ്.
കൽക്കട്ട ശാന്തി നികേതൻ, പി. എസ്.വൈ. നാട്യസംഘം, കുടമാളൂർ കലാകേന്ദ്രം, കേരള കലാമണ്ഡലം , ബാംഗ്ളൂർ ജലഹള്ളി ക്ഷേത്രം, ഡെൽഹി,ബോംബേ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ വിവിധ ഇടങ്ങളിലേക്ക് വാദ്യോപകരണങ്ങൾ
സുന്ദരൻ നൽകുന്നുണ്ട്.. തലമുറകൈമാററം നിന്നു പോയതോടൊപ്പം, ഈ തൊഴിലിലേക്ക് പുതിയതായി ആരും വരാത്തതിനാൽ ഇത് അന്യം നിന്നു പോകുകയാണെന്നും സുന്ദരൻ വേദനയോടെ പറയുന്നു..
തിരശ്ശീലക്കു പുറകിലെ തുകൽ വാദ്യങ്ങളുടെ ശബ്ദ സംഗീതത്തിന്റെ
രാഗനിർമ്മിതിയും.
നിർമ്മാതാവും കലാ ലോകത്തേക്ക് കുരുന്നുകൾക്ക് പ്രചോദനവും ഒപ്പം പുതിയ അറിവിന്റെ മേഖലയുമായി മാറി..

No comments:

Post a Comment