Sunday 26 January 2020


-അവസരോചിതമായി ഇടപെട്ടു കൊണ്ട് തീപിടുത്തത്തിന്റെ അപകടം ലഘൂകരിച്ച ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് വിദ്യാർത്ഥികളുടെ ആദരവ്... നന്മയുള്ള പ്രവർത്തനങ്ങളെ ആദരിക്കുന്നതിലൂടെ മാതൃക തീർത്തു കൊണ്ട് ഈശ്വരമംഗലം ശ്രീരാമജയം എൽ.പി.സ്കൂളിലെ കുരുന്നുകൾ അദ്ധ്യാപകരോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയ പോലീസുകാരെ ആദരിച്ചത്..
ജനുവരി 19 ന് പുലർച്ചെ 12. മണിക്ക് നൈറ്റ് പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘമാണ് ശ്രീകൃഷ്ണപുരം ഷെഡ്ഡും കുന്നിലെ പാലക്കൽ രാമചന്ദ്രൻ നടത്തിയിരുന്ന ഹോട്ടൽ ചോതി എന്ന ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്നു പുറകിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. വാഹനം നിർത്തിയ പോലീസ് സംഘം ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അവർ വരുന്നതിനു മുന്നേതന്നെ പുറകു വശത്തെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന് ഹോട്ടൽ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പുറത്തെടുക്കുകയായിരുന്നു. കെട്ടിടത്തോടു ചേർന്ന് മരമിൽ പ്രവർത്തിക്കുന്നുണ്ട്.
സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ ഒരു വലിയ ദുരന്തം സംഭവിക്കുമായിരുന്നു.
സ്വന്തം ജീവൻ പണയപ്പെടുത്തി തീ നാളങ്ങൾക്കിടയിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ എടുത്തു മാറ്റാൻ പോലീസുകാർ കാണിച്ച മനോധൈര്യമാണ് വലിയ അപകടത്തിൽ നിന്നും സമീപ വാസികളെ രക്ഷിച്ചത്. 15 മിനിറ്റിനകം ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്..

രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ ശ്രീകൃഷ്ണപുരം അഡീഷണൽ എസ്.ഐ.മുരളീധരൻ
സീനിയർ സിവിൽ പോലീസ് ഓഫീസർ
മുഹമ്മദ് സനീഷ്
ഹോംഗാർഡ് ഹരി
നാരായണൻ എന്നീ
പോലീസുകാരെയാണ്
ശ്രീരാമജയത്തിലെ കുരുന്നുകൾ പൊന്നാട നൽകി ആദരിച്ചത്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സംരക്ഷണത്തിനും ഇടപെടുന്ന പോലീസിന്റെ സാധാരണ ചുമതലകൾക്കപ്പുറം കടന്ന് ജനസൗഹൃദമായി ഒരു നിമിഷം വൈകാതെ സന്ദർഭോജിതമായി ഇടപെട്ട പോലീസിന്റെ രക്ഷാപ്രവർത്തനത്തെ
അംഗീകരിക്കാനും ആദരിക്കാനും ശ്രീരാമജയത്തിലെ കുരുന്നുകൾ കാണിച്ച മാതൃകയിൽ പ്രതിഫലിച്ചത് ഒരു നാടിന്റെ നന്മയായിരുന്നു..

റിവോൾവറും നീളൻ തോക്കും ബയണററും
തിരകളും ലോക്കപ്പ് റൂമും ലാത്തിയും വയർലസ്സ് സംവിധാനവുമെല്ലാം പരിചയപ്പെടുത്തിയ പോലീസിനൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് കുട്ടികൾ മടങ്ങിയത്..

ശ്രീകൃഷ്ണപുരം എസ്.ഐ. മണികണ്ഠൻ
വിദ്യാലയ വികസന സമിതി ചെയർമാൻ എം.കെ. ദ്വാരകാനാഥൻ
പ്രധാനാദ്ധ്യാപകൻ പി.ജി.ദേവരാജ്
സി. ഗോപാലകൃഷ്ണൻ
കെ.ഷനൂബ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment